HISTORY

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ നഗരസഭയിലെ 19ാം വാർഡായ പാലകുളങ്ങരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം.ക്ഷേത്രം ഏതു കാലത്ത് സ്ഥാപിക്കപ്പെട്ടു എന്നതിനെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ലഭ്യമല്ലെങ്കിലും പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ ഈ ക്ഷേത്രത്തിന് ഐതിഹ്യ പ്രാധാന്യം ഏറെയുണ്ട്.
വടക്കേ മലബാറിലെ അതിപ്രശസ്തവും ” ഐമ്പെരുമാളിട”ങ്ങളിലൊന്നുമായ തൃഛംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന “ഗ്രാമ ബലി ” ( നാടുവലം വെക്കൽ ) യുടെ ഭാഗമായി തിടമ്പ് ഇറക്കി പൂജ നടക്കുന്നത് ഈ ക്ഷേത്ര സന്നിധിയിലാണ്. മലയാള മാസം മീനം 4-ാം തീയതിയാണ് ഈ ചടങ്ങ് നടക്കുന്നത്.
പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ അപൂർവ്വ ധർമ്മശാസ്താ ക്ഷേത്രം കൂടിയാണ് പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം.
മനോഹരമായ ശ്രീകോവിലും നമസ്ക്കാര മണ്ഡപവും ചുറ്റമ്പലവുമുള്ള ഈ ക്ഷേത്രം അതിന്റെ ലാളിത്യം കൊണ്ടും ആത്മീയ പ്രഭാവം കൊണ്ടും നാടിന്റെ ചൈതന്യമായി നിലകൊള്ളുന്നു.
മണ്ഡല കാലത്താണ് ക്ഷേത്രത്തിലേക്ക് അയ്യപ്പ ഭക്തന്മാരുടെയും ഭക്തജനങ്ങളുടെയും ഒഴുക്ക് ഉണ്ടാകുന്നതെങ്കിലും നിത്യേനയെന്നോണം നിരവധി ഭക്തജനങ്ങൾ ഇവിടെ പ്രാർത്ഥനക്കായി എത്തിക്കൊണ്ടിരിക്കുന്നു.
ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് അയ്യപ്പ ഭക്തരുടെ ശരണം വിളികളാൽ മുഖരിതമാകുന്ന അന്തരീക്ഷമാണ് മണ്ഡലകാലത്ത് പാലകുളങ്ങര ക്ഷേത്രത്തിന്റേത്.

ഇവിടെ നിന്ന് മുദ്ര ധരിച്ച് ഒരു മണ്ഡല കാലം മുഴുവൻ വ്രതമെടുത്ത് കെട്ടു നിറച്ച് ശബരിമല ശ്രീധർമ്മശാസ്താ സന്നിധിയിലേക്ക് യാത്രയാകാനെത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും ഏറിവരികയാണ്. വനശാസ്താ സങ്കല്പത്തിലാണ് ആദ്യ കാലത്ത് ഇവിടെ ആരാധന നടത്തിയിരുന്നതെങ്കിലും പിൽക്കാലത്താണ് ക്ഷേത്രനിർമ്മിതി ഉണ്ടായതും ശ്രീകോവിലിൽ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ച് ആരാധന തുടങ്ങിയതും.തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തന്നെ താന്ത്രികാവകാശമുള്ള കാമ്പ്രത്ത് ഇല്ലത്തിനാണ് (കോഴിക്കോട് ജില്ലയിലെ മേപ്പയൂര് ) പാലകുളങ്ങര ക്ഷേത്രത്തിന്റെയും താന്ത്രികാവകാശം.കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയാണ് ഇപ്പോൾ ക്ഷേത്രം തന്ത്രി.  പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ ഞേർക്കാട്ട് ഇല്ലത്തെ നമ്പൂതിരിമാരാണ് ഇവിടെ മേൽശാന്തിമാരായി ഉണ്ടായിരുന്നത്. ഞേർക്കാട്ടില്ലത്തെ ഗണപതി നമ്പൂതിരിയും തുടർന്ന് പരമേശ്വരൻ നമ്പൂതിരിയും ഇവിടെ മേൽശാന്തിമാരായിരുന്നു. വിനായകൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി. കരിങ്കല്ലിൽ തീർത്തതാണ് ഇവിടത്തെ ധർമ്മശാസ്താ പ്രതിഷ്ഠ. 2.5 അടി ഉയരം ഈ പ്രതിഷ്ഠക്കുണ്ട്. വലതു കൈയിൽ അമൃതകുംഭവുമേന്തി അർദ്ധപത്മാസനത്തിൽ ഇരിക്കുന്ന ഭാവത്തിലാണ് ശാസ്താ പ്രതിഷ്ഠ.നാലു വീട്ടിൽ പൊതുവാക്കന്മാരായിരുന്നു ആദ്യ കാലത്ത് ക്ഷേത്ര ഭരണം നിർവ്വഹിച്ചിരുന്നത്. താഴെ വീട്, പുളിയപ്പാടം, കടപ്പുറം മേല് വീട്, അയ്യപ്പ ശൂര് എന്നീ വീട്ടുകാരായിരുന്നു ഇവർ. തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കഴകക്കാർ കൂടിയായിരുന്നു ഇവർ.

മലബാർ ദേവസ്വം ബോർഡിന്റെ (1959 വരെ ഹിന്ദുമത ധർമ്മ സ്ഥാപന ഭരണ വകുപ്പ് ) കീഴിലാണ് ക്ഷേത്ര ഭരണം നടന്നു വരുന്നത്. 1998 ഏപ്രിൽ 2 ന് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു. കാമ്പ്രത്ത് ഇല്ലത്ത് ശ്രീനിവാസൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. 1998 ഡിസമ്പർ 26 ന് (……..ധനു 11 ) തിടമ്പ് നൃത്തത്തോടു കൂടിയുള്ള ഉത്സവത്തിന് ഇവിടെ തുടക്കം കുറിച്ചു. പ്രശസ്ത തിടമ്പ് നൃത്ത കലാകാരൻ മധൂർ ശ്രീ ധനഞ്ജയ ഭട്ട് ആണ് ഇക്കാലമത്രയും തിടമ്പ് നൃത്തം ചെയ്തു വരുന്നത്. (കേരള ഫോക് ലോർ അക്കാദമിയുടെയും കേരള ക്ഷേത്ര കലാ അക്കാദമിയുടെയും പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള നർത്തകനാണ് മധൂർ ശ്രീ ധനഞ്ജയഭട്ട് ) നവരാത്രിക്കാലത്ത് ക്ഷേത്രം മറ്റൊരു ആത്മീയാന്തരീക്ഷത്തിലേക്ക് ഉയരും. 2010 ൽ ഇവിടെ നവാഹ പാരായണം തുടങ്ങിയതു മുതൽ എല്ലാ വർഷവും നവാഹ യജ്ഞം നടന്നു വരുന്നു. യജ്ഞത്തിലും പ്രസാദ ഊട്ടിലും പങ്കെടുക്കാൻ ആയിരങ്ങൾ ഇവിടേക്ക് എത്തിച്ചേരുന്നു. ചെറുതെങ്കിലും ഒരേ സമയം നൂറു പേർക്ക് ഇരുന്ന് പ്രസാദ സദ്യ കഴിക്കാനുള്ള സൗകര്യം ഊട്ടുപുരയിലുണ്ട്. മറ്റേത് ക്ഷേത്രങ്ങളെ പോലെ തന്നെ ധർമ്മശാസ്താ ക്ഷേത്രവും ഒരു കാലത്ത് ശോചനീയാവസ്ഥയെ നേരിട്ടിരുന്നു. അക്കാലത്ത് പ്രദേശവാസികളുടെ നിസ്വാർത്ഥമായ ഭക്തിയാണ് ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. പാലകുളങ്ങര പ്രദേശത്തെ വീടുകളിൽ ഹുണ്ടിക വെച്ച് പിടിയരി ശേഖരിക്കുകയും അതുവഴി ദേവന് വഴിപാടുകൾ ഉൾപ്പെടെയുള്ള ദൈനം ദിന കാര്യങ്ങൾ നിവൃത്തിക്കുകയുമായിരുന്നു. പ്രദേശവാസികളായ മയിലാട്ട്

വീട്ടുകാരും, പുത്തലത്ത് വീട്ടുകാരും ക്ഷേത്രത്തെ പരിപാലിക്കുന്നതിലും അന്തിവിളക്ക് തെളിയിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചിരുന്നു. 2002 ൽ നടത്തിയ അയ്യപ്പൻ വിളക്ക് മഹോത്സവം നാടിന്റെ തന്നെ ഉത്സവമായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച വയലിൽ നടന്ന അയ്യപ്പൻ വിളക്കും അതിന് മുന്നോടിയായി നടന്ന പാലക്കൊമ്പ് എഴുന്നള്ളത്തും ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. വൃശ്ചികമാസം ആദ്യത്തെ ശനിയാഴ്ച വനശാസ്താവിന്റെ സന്നിധിയിൽ ഉച്ചക്ക് നെയ്പായസവും നിവേദ്യവും, സന്ധ്യക്ക് സർപ്പബലിയും നടത്തുന്നു. ദേവപ്രശ്നത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നവഗ്രഹ ക്ഷേത്രം നിർമ്മാണത്തിന്റെ ശിലാസ്ഥാപനം 2022 ഏപ്രിൽ 2ന് നടത്തി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ധർമ്മശാസ്താക്ഷേത്രത്തിൽ ഉപദേവതയായി നവഗ്രഹം പ്രതിഷ്ഠിക്കുന്നത് ഇത് ആദ്യമാണ്. നവഗ്രഹ ക്ഷേത്രത്തിന്റെ പണിപൂർത്തിയാകുന്നതോടെ കണ്ണൂർ കാസർകോട് ജില്ലയിൽ നവഗ്രഹ പ്രതിഷ്ഠയുള്ള മൂന്നാമത്തെ ക്ഷേത്രമായി നമ്മുടെ ക്ഷേത്രം മാറുകയാണ്. വിവിധ പ്രദേശങ്ങളിലുള്ള ഭക്തജനങ്ങൾക്ക് നവഗ്രഹ ഹോമവും നവഗ്രഹ പൂജയും നടത്താൻ ഭാവിയിൽ നമ്മുടെ ക്ഷേത്രത്തിൽ സൗകര്യമുണ്ടായിരിക്കും. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടുകൂടിയാണ് ഈ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. എട്ടുമാസം കൊണ്ട് പണിപൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.നവഗ്രഹ പ്രതിഷ്ഠ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഭക്തജനങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.